സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് ആശിർവാദ് സിനിമാസ്; ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക
എംപുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ, ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആശിർവാദ് സിനിമാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന്റെ വാക്കുകളാണ് പോസ്റ്റായി പങ്കുവച്ചിരിക്കുന്നത്: "ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയില്‍ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളില്‍ നിന്നും ഭയത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തില്‍ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ കാലത്തും തലമുറയിലും പ്രാപ്യമാകേണ്ട ലോകത്തിന്റെ അടിത്തറയാണ്." അതേസമയം, എംപുരാൻ വിവാദത്തിലും അണിയറപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിലും നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംവിധായകൻ പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ, റീ എഡിറ്റ് ചെയ്ത എംപുരാൻ പതിപ്പും തിയറ്ററുകളിലെത്തിയതായാണ് റിപ്പോർട്ട്. വിവാദങ്ങൾക്ക് പിന്നാലെ സിനിമയുടെ ആദ്യ പതിപ്പിൽ 24 മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.